12:33pm 14 November 2026
NEWS
ആരോപണമുള്ളവർ മുഖത്തുനോക്കി പറയട്ടെ; വിമർശനങ്ങൾക്ക് മറുപടിയുമായി രാജ്മോഹൻ ഉണ്ണിത്താൻ
14/11/2026  12:07 PM IST
nila
ആരോപണമുള്ളവർ മുഖത്തുനോക്കി പറയട്ടെ; വിമർശനങ്ങൾക്ക് മറുപടിയുമായി രാജ്മോഹൻ ഉണ്ണിത്താൻ

 

കണ്ണൂർ: തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നവർ അത് നേരിട്ട് മുഖത്തുനോക്കി പറയണമെന്ന് കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ. ആരോപണങ്ങൾ ഉന്നയിക്കുന്നവർ തന്റെ മറുപടിക്ക് അർഹരല്ലെന്നും അപ്രിയ സത്യങ്ങൾ തുറന്നുപറയുന്നതാണ് ചിലരെ അസ്വസ്ഥരാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്റെ പ്രതികരണങ്ങൾ ആരെയാണ് ബുദ്ധിമുട്ടിക്കുന്നതെന്ന് വ്യക്തമായി അറിയാമെന്നും രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.

ഡിസിസി ഭാരവാഹികൾ മാത്രം പങ്കെടുത്ത യോഗത്തിലെ വിവരങ്ങൾ പുറത്തുവന്നത് എങ്ങനെയെന്ന് അറിയില്ല. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള താൽപര്യം നേതൃത്വത്തെ നേരിട്ട് അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് പാർട്ടി നേതൃത്വമാണ്. ജീവനുള്ള കാലത്തോളം തന്റെ നിലപാടുകൾ തുറന്നുപറയുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ, രാജ്മോഹൻ ഉണ്ണിത്താനെതിരെ കാസർകോട് ഡിസിസി പ്രസിഡന്റ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കെപിസിസി ഭാരവാഹികളുടെ യോഗത്തിലാണ് ഉണ്ണിത്താന്റെ പരസ്യ പ്രതികരണങ്ങൾക്കെതിരെ രൂക്ഷ വിമർശനം ഉയർന്നത്. സംസ്ഥാന നേതൃത്വത്തിനെതിരെ അദ്ദേഹം നടത്തുന്ന പരസ്യ പ്രസ്താവനകളായിരുന്നു വിമർശനത്തിന് കാരണം. യോഗത്തിൽ മറ്റ് നേതാക്കളും വിമർശനങ്ങളെ പിന്തുണച്ചതായാണ് വിവരം.

യുഡിഎഫ് ഭരണത്തിൽ ബോർഡുകളുടെയും കോർപറേഷനുകളുടെയും വിഭജനം വൈകുന്നതും കെപിസിസി യോഗത്തിൽ ചർച്ചയായി. ഭരണമാറ്റം ഉണ്ടായതിന്റെ പ്രതിഫലനം ഇതുവരെ പ്രകടമായിട്ടില്ലെന്ന വിമർശനവും ഉയർന്നു. ബോർഡ്, കോർപറേഷൻ വിഭജനം വൈകിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് യോഗത്തിൽ സമ്മതിച്ചതായും റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ യുഡിഎഫ് സർക്കാരിനും അടൂർ പ്രകാശ്, സണ്ണി ജോസഫ്, കെ.സി. വേണുഗോപാൽ തുടങ്ങിയ നേതാക്കൾക്കുമെതിരെ രാജ്മോഹൻ ഉണ്ണിത്താൻ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിക്കുള്ളിൽ അദ്ദേഹത്തിനെതിരെ വിമർശനം ശക്തമായത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img